കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം : കെ സുരേന്ദ്രന്‍

ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും ധാരണയിലെത്തിയശേഷമാണ് സര്‍വകക്ഷിയോഗത്തിനെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സര്‍വകക്ഷി യോഗത്തിലെ ധാരണയെ എതിര്‍ത്ത് ബിജെപി. കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് അവസാനിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റുമോ. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാന്‍ സാധ്യതയില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. 65 വയസ്സു കഴിഞ്ഞ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുമെന്ന് എന്താണ് ഉറപ്പുള്ളത്. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

ഇപ്പോള്‍ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും പുറത്തൊരു ധാരണയിലെത്തിയശേഷമാണ് സര്‍വകക്ഷിയോഗത്തിനെത്തിയത്. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് യുക്തിരഹിതമായ ഒരു വാദം ഉന്നയിച്ചു. മുഖ്യമന്ത്രി അതിനോട് തത്വത്തില്‍ യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സര്‍ക്കാരിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. യുഡിഎഫിലും തമ്മിലടിയും ബഹളങ്ങളുമൊക്കെയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റാമെന്ന നിലയാണ് രണ്ടുകൂട്ടരും സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് പാര്‍ട്ടി  സജ്ജമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പു വിഷയത്തിലും ഇരുമുന്നണികളും ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഉഫതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചു. അന്ന് ഇവര്‍ രണ്ടുകൂട്ടരും സ്വാഗതം ചെയ്തു. സ്ഥാനാര്‍ത്ഥിയെ വരെ തീരുമാനിച്ചു. ഷിബുബേബിജോണൊക്കെ പ്രചാരണത്തിനും ഇറങ്ങി. എന്നിട്ട് ഇപ്പോഴാണ് ഇവര്‍ക്ക് ബോധോദയം ഉണ്ടാകുന്നത്. കേരളത്തിലെ യുഡിഎഫിനും എല്‍ഡിഎഫിനും ജനങ്ങളുടെ വികാരം എന്താണെന്ന് മനസ്സിലാകുന്നേയില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com