യുവതി പാര്‍ട്ടി ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ചു ; സിപിഎം നേതാക്കളുടെ പീഡനം സഹിക്കവയ്യാത്തതിനെ തുടര്‍ന്നെന്ന് ആത്മഹത്യാക്കുറിപ്പ്

പാര്‍ട്ടി ഓഫീസ് തുറക്കാനായി ഏറ്റെടുത്ത കെട്ടിടത്തിനകത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്
യുവതി പാര്‍ട്ടി ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ചു ; സിപിഎം നേതാക്കളുടെ പീഡനം സഹിക്കവയ്യാത്തതിനെ തുടര്‍ന്നെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ പാര്‍ട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ യുവതി തൂങ്ങി മരിച്ചു. സിപിഎം അനുഭാവിയും ആശ വര്‍ക്കറുമായ ഉദിയന്‍കുളങ്ങരയില്‍ അഴകിക്കോണം സ്വദേശി ആശയാണ് ജീവനൊടുക്കിയത്. 41 വയസ്സായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. 

ഇന്നലെ രാത്രിയാണ് പാറശ്ശാലയിലെ ഉദിയന്‍കുളങ്ങരയില്‍ അഴകിക്കോണം സ്വദേശി ആശയെ തൂങ്ങി മരിച്ച നിലയില്‍ കെട്ടിടത്തില്‍ കണ്ടെത്തിയത്. പാര്‍ട്ടി ഓഫീസ് തുറക്കാനായി ഏറ്റെടുത്ത കെട്ടിടത്തിനകത്താണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചെങ്കല്‍ പഞ്ചായത്തിലെ ആശാവര്‍ക്കറും കുടുംബശ്രീ പ്രവര്‍ത്തകയുമായ ഇവര്‍ പാര്‍ട്ടി അനുഭാവിയാണ്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല എന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. 

സിപിഎം നേതാക്കളുടെ മാനസികപീഡനം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഈ കുറിപ്പില്‍ യുവതി സൂചിപ്പിക്കുന്നു. ഇന്ന് രാവിലെ യുവതിയുടെ മൃതദേഹം ഇവിടെ നിന്ന് മാറ്റാനെത്തിയ പൊലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസില്‍ദാരടക്കം എത്തി, മൃതദേഹം മാറ്റാന്‍ തുടങ്ങിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത്. 

യുവതിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഉദിയന്‍കുളങ്ങര പാറശ്ശാല റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ഉപരോധിച്ചു.  '' പാര്‍ട്ടി ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജന്‍. പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കള്‍ക്കും അറിയാം''. എന്ന് ആത്മഹത്യാക്കുറിപ്പിലെ ഒരു ഭാഗത്ത് പറയുന്നു. ആശയുടെ പരാതി കിട്ടിയില്ലെന്നും, നേതാക്കള്‍ക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്നും പാറശ്ശാല ഏരിയ സെക്രട്ടറി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com