കോഴിക്കോട് നഗരത്തിൽ ആശങ്ക; സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ്
By സമകാലികമലയാളം ഡെസ്‌ക് | Published: 12th September 2020 04:38 PM |
Last Updated: 12th September 2020 04:38 PM | A+A A- |

കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം കണ്ടെത്തിയത്. കൂടാതെ വിഎച്ച്എസ് സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ട് പേർക്കും വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ച് പേർക്കും കോവിഡ് പോസിറ്റീവായി. ഇതോടെ നഗരത്തിൽ മാത്രം 144 പേർക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്.
സെൻട്രൽ മാർക്കറ്റിലെ രോഗ വ്യാപന സാധ്യത മുൻ നിർത്തി നിയന്ത്രണ വിധേയമായിട്ടായിരുന്നു ഇപ്പോൾ മാർക്കറ്റ് പ്രവർത്തനം. എന്നിട്ടുപോലും ഇത്രയധികം പേർക്ക് രോഗം ബാധിച്ചതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
നഗരത്തിൽ തന്നെ ഏറ്റവും കൂടുതൽ വ്യാപാരികൾ ബന്ധപ്പെടുന്ന സ്ഥലമാണ് സെൻട്രൽ മാർക്കറ്റ്. അതുകൊണ്ടു തന്നെ നിരവധി തവണ മുന്നറിയിപ്പും നൽകിയിരുന്നു. എന്നിട്ടും 100ലേറെപ്പേർക്ക് രോഗം കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.