ചോര വീഴ്ത്തിയ കുഴിയിൽ വാഴ നട്ടു യുവാക്കൾ; വേറിട്ട പ്രതിഷേധം
By സമകാലിക മലയാളം ഡെസ് | Published: 12th September 2020 07:08 AM |
Last Updated: 12th September 2020 07:08 AM | A+A A- |
തൃശൂർ: റോഡിനു നടുവിലെ വലിയ കുഴിയിൽ വാഴ നട്ട് യുവാക്കളുടെ രോഷ പ്രകടനം. കുഴിയിൽ വീണു പരുക്കേറ്റ രണ്ട് യുവാക്കളാണ് വൈദ്യസഹായം തേടും മുൻപേ വാഴ നട്ടത്. തൃശൂർ കുന്നംകുളം സംസ്ഥാനപാതയിൽ മുണ്ടൂർ പെട്രോൾ പമ്പിനു സമീപം വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട്ടു നിന്നു തൃശൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു യുവാക്കൾ. കുഴിയിൽ ചാടി ബൈക്ക് മറിയുകയും റോഡിലൂടെ ഉരഞ്ഞു നീങ്ങുകയും ചെയ്തു. ഇരുവരുടെ കൈയിലും കാലിലും പരിക്കുകളുണ്ട്. സമീപത്തെ വ്യാപാരിയാണ് ഇവരുടെ സഹായത്തിനായി ഓടിയെത്തിയത്.
ഇതേ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്ന ആറാമത്തെ വാഹനമാണിതെന്നു അറിഞ്ഞതോടെയാണ് കുഴിമൂടാൻ ഇവർ തീരുമാനിച്ചത്. റോഡരികിൽ പുറമ്പോക്കിൽ നിന്ന ഒരു വാഴ പിഴുതെടുത്തു കുഴിയിൽ നട്ടു. വാഴ കുഴിയിലുറപ്പിച്ച ശേഷമാണ് യുവാക്കൾ വൈദ്യസഹായം തേടിയത്.