ലോക്ഡൗണിൽ ജോലി നഷ്ടമായി, മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th September 2020 11:07 AM |
Last Updated: 12th September 2020 11:07 AM | A+A A- |
ന്യൂഡൽഹി: ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ് (30) മരിച്ചത്. ഡൽഹിയിലെ ഒരു ഹോട്ടലിൽ വൈശാഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡല്‍ഹിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു വൈശാഖ്. ലോക്ഡൗണിൽ ഹോട്ടല്‍ അടച്ചിട്ടതോടെ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടിൽ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി വൈശാഖ് ഡൽഹിയിലേക്ക് മടങ്ങുന്നത്.
പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പില്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാൾ അയക്കുകയായിരുന്നു. ഇതു കണ്ട് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കി.
ഡല്‍ഹി പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വൈശാഖ് മുറിയെടുത്തതായി വ്യക്തമായത്. എന്നാൽ യുവാവ് മുറിതുറന്നിരുന്നില്ല എന്നും അറിയാൻ കഴിഞ്ഞു. പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച വൈശാഖിന്റെ അച്ഛൻ ഭിന്നശേഷിക്കാരനാണ്.