സംസ്ഥാനമൊട്ടാകെ പ്രതിഷേധം; കുഞ്ഞിന് ചോറൂണ് നടത്തി മന്ത്രി ജലീല്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th September 2020 03:47 PM |
Last Updated: 12th September 2020 03:47 PM | A+A A- |

മലപ്പുറം: നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്തത തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തെരുവില്‍ പൊലീസിനോട് ഏറ്റുമുട്ടി. ഈ സമയം മന്ത്രി ഒരു ചോറൂണ് ചടങ്ങില്‍ പങ്കെടക്കുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകന്റെ കുട്ടിയുടെ ചോറൂണാണ് മന്ത്രിയുടെ വീടായ 'ഗസലില്‍' നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രഞ്ജിത്ത് സുബ്രഹ്മണ്യന്‍ എന്നയാളുടെ കുട്ടിയുടെ ചോറൂണാണ് മന്ത്രി നടത്തിയത്. കുട്ടിക്ക് പേരിടീല്‍ കര്‍മ്മവും നടത്തി.
നയന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്ത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയകക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങളൊന്നും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല.' എന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് മാത്രമാണ് ചോദ്യം ചെയ്യലിനെ കുറിച്ച് ജലീലിന്റെതായി പുറത്തുവന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെ കുറിച്ചുള്ള അനുശോചന കുറിപ്പും മന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യല്‍ പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തി. വെള്ളിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഇപ്പോഴും തുടരുകയാണ്.
കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച് നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.
പ്രളയത്തിന് ശേഷം പല മതസംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇതില്‍ ജലീലിന് നേട്ടമുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. അതാണ് ജലീലിനെ തൊടാന്‍ ധൈര്യമില്ലാത്തത്. ഇ പി ജയരാജന് ഇല്ലാത്ത എന്തു ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നല്‍കുന്നതത്. കള്ളന് കഞ്ഞിവെച്ചവനായി മുഖ്യമന്ത്രി മാറുകയാണ്.