ആറ്റിങ്ങലില്‍ 502 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യകണ്ണി അറസ്റ്റില്‍

ആറ്റിങ്ങലില്‍ 502 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റില്‍
ആറ്റിങ്ങലില്‍ 502 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യകണ്ണി അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 502 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റില്‍. ആറ്റിങ്ങല്‍ മുടപുരം സ്വദേശി ജയചന്ദ്രന്‍ നായരാണ് പിടിയിലായത്. ഒളിവിലായിരുന്ന ജയചന്ദ്രനെ തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായിരുന്നു ആറ്റിങ്ങലിലേത്. കണ്ടെയ്‌നര്‍ ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചായിരുന്നു ഇരുപത് കോടി രൂപ വില വരുന്ന കഞ്ചാവ് കടത്തിയത്. ആന്ധ്രയില്‍ നിന്നുമാണ് ഇവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി എത്തിച്ചത്.

ആന്ധ്രയിലെ കഞ്ചാവ് കടത്തുകാരനായ രാജുഭായിയാണ് കഞ്ചാവ് നല്‍കിയത്. വടകര സ്വദേശിയായ ജിതിന്‍ രാജാണ് കഞ്ചാവ് കടത്തിയത്. ജയചന്ദ്രന്റെ കൈവശം സൂക്ഷിച്ച ശേഷം മറ്റുളളവര്‍ക്ക് കൈമാറാനായിരുന്നു പദ്ധതി.


നേരത്തെയും ഇയാള്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു. കള്ളനോട്ട് കേസിലും ചിറയിന്‍കീഴ് സ്‌റ്റേഷനിലെ പൊലീസുകാരന്റെ വീടാക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തടിക്കച്ചവടവും മത്സ്യവ്യാപാരവും നടത്തിയ ശേഷമാണ് ജയചന്ദ്രന്‍ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മത്സ്യം സൂക്ഷിച്ചുവയ്ക്കാനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഗോഡൗണിലേക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു പദ്ധതി. 

ജിതിന്‍ രാജിന്റേയും രാജു ഭായിയുടേയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ബാബു എന്ന റിസോര്‍ട്ട് ഉടമയേയും പിടികൂടിയിട്ടുണ്ട്. ലോറി ഡ്രൈവര്‍മാരായ കുല്‍ദീപ് സിങ്, കൃഷ്ണ എന്നീ ഉത്തരേന്ത്യക്കാരെയും എക്‌സൈസ് പിടികൂടിയിരുന്നു. രാജുഭായിയേയും കഞ്ചാവ് കടത്തിയ കണ്ടെയ്‌നറിന്റെ ഉടമയേയും കണ്ടെത്താനായി ആന്ധ്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com