ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ല; ജലീലിനെ പിന്തുണച്ച് കടകംപള്ളിയും എം എം മണിയും 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിമാരായ എം എം മണിയും കടകംപള്ളി സുരേന്ദ്രനും. 
ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ല; ജലീലിനെ പിന്തുണച്ച് കടകംപള്ളിയും എം എം മണിയും 


തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്തത തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിമാരായ എം എം മണിയും കടകംപള്ളി സുരേന്ദ്രനും. 

ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയോട് ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ ഉടനെ രാജിവയ്ക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തുന്നതില്‍ അടിസ്ഥാനമുണ്ടോ? കഴിഞ്ഞ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തത് എന്നും കടകംപള്ളി ചോദിച്ചു. 

ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഇ ഡിയുടെ ചോദ്യം ചെയ്യല്‍ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും  എം എം മണി പറഞ്ഞു.

അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ കനത്ത പ്രതിഷേധമാണ് നടത്തുന്നത്. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച് നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.

പ്രളയത്തിന് ശേഷം പല മതസംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇതില്‍ ജലീലിന് നേട്ടമുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. അതാണ് ജലീലിനെ തൊടാന്‍ ധൈര്യമില്ലാത്തത്. ഇ പി ജയരാജന് ഇല്ലാത്ത എന്തു ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നല്‍കുന്നതത്. കള്ളന് കഞ്ഞിവെച്ചവനായി മുഖ്യമന്ത്രി മാറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com