ജലീലിന്റെ രാജിക്കായി മുറവിളി ; സംസ്ഥാനത്തുടനീളം പ്രതിഷേധം ; പലയിടത്തും ഏറ്റുമുട്ടല്‍ ; ജലപീരങ്കി 

ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളതെന്ന് ഷാഫി പറമ്പിൽ
ജലീലിന്റെ രാജിക്കായി മുറവിളി ; സംസ്ഥാനത്തുടനീളം പ്രതിഷേധം ; പലയിടത്തും ഏറ്റുമുട്ടല്‍ ; ജലപീരങ്കി 

തിരുവനന്തപുരം : മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിപക്ഷ പ്രതിഷേധം. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച് നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.

പ്രളയത്തിന് ശേഷം പല മതസംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇതില്‍ ജലീലിന് നേട്ടമുണ്ടായെന്നും  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. അതാണ് ജലീലിനെ തൊടാന്‍ ധൈര്യമില്ലാത്തത്. ഇ പി ജയരാജന് ഇല്ലാത്ത എന്തു ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നല്‍കുന്നതത്. കള്ളന് കഞ്ഞിവെച്ചവനായി മുഖ്യമന്ത്രി മാറുകയാണ്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഏത് വിധത്തിലാണ് ജലീല്‍ സഹായിച്ചതെന്ന് വ്യക്തമാക്കണം. എന്താണ് തന്നോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചതെന്ന് എന്തുകൊണ്ട് ജലീല്‍ വ്യക്തമാക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. സത്യം ജയിക്കുമെന്ന് പറയുന്നത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്. സര്‍ക്കാര്‍ വാഹനത്തില്‍ മന്ത്രി കള്ളക്കടത്തുകാരന്റെ വീട്ടില്‍ പോയെന്നും അദ്ദേഹം ആരോപിച്ചു. 

ജലീലിനെതിരെ കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. ആദ്യം കള്ളനെ പുറത്താക്കൂ, എന്നിട്ട് തൊണ്ടിമുതല്‍ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോള്‍ ആദ്യം മന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം നടക്കട്ടേ. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും നിരന്തരസമരം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും ഇപി ജയരാജനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിയുടെ ധാര്‍മ്മികത ജലീല്‍ വിഷയത്തില്‍ എവിടെപ്പോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്. ഒരുലക്ഷത്തിലധികം രൂപ വരുന്ന സഹായം മന്ത്രിക്ക് വിദേശ രാജ്യത്തില്‍ നിന്ന് സ്വീകരിക്കാന്‍ നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com