മന്ത്രി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം ; രാജി വെക്കും വരെ പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ്, ബിജെപി കരിദിനം ആചരിക്കും ; രാജിയില്ലെന്ന് സിപിഎം

ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ സുരേന്ദ്രന്‍
മന്ത്രി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം ; രാജി വെക്കും വരെ പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ്, ബിജെപി കരിദിനം ആചരിക്കും ; രാജിയില്ലെന്ന് സിപിഎം

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജലീല്‍ രാജിവെക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. 

ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്താനത്തൊട്ടാകെ മാര്‍ച്ച് നടത്തി. ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വൈകിയും പ്രതിഷേധ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചു. തുടര്‍ന്ന് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തു. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും മാര്‍ച്ച് നടത്തി. ബിജെപി മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.  ലാത്തിചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നാല് തവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാര്‍ച്ച്. 

ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കാനാണ് ബിജെപി ആഹ്വാനം. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ജലീലിനെ പിന്തുണച്ച് സിപിഎം നേതൃത്വം രംഗത്തെത്തി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ രാജിവെക്കൂവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. ചോദ്യം ചെയ്തു എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ടു എന്നല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com