സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യ തുകയ്ക്ക് കൂപ്പൺ; സർക്കാരിന് ശുപാർശ

കൂപ്പൺ നൽകിയാൽ വിതരണച്ചെലവിനത്തിൽ ഒരുമാസം 16 മുതൽ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്
സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യ തുകയ്ക്ക് കൂപ്പൺ; സർക്കാരിന് ശുപാർശ

തിരുവനന്തപുരം : റേഷൻ കാർഡ് ഉടമകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യതുകയ്ക്കുള്ള കൂപ്പൺ നൽകണമെന്ന് ശുപാർശ. കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി. സാധനങ്ങൾ കിറ്റാക്കി നൽകുന്നതിനുപകരം കൂപ്പൺ നൽകിയാൽ വിതരണച്ചെലവിനത്തിൽ ഒരുമാസം 16 മുതൽ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഓണക്കിറ്റ് വിതരണം ഈ മാസം 15 വരെ നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ നാലുമാസംകൂടി കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത കിറ്റിന് ആവശ്യമായ സാധനങ്ങൾ സപ്ലൈകോ സംഭരിച്ച് തുടങ്ങിയിട്ടില്ല. കൂപ്പൺ നൽകിയാൽ കിറ്റിന്റെ മൂല്യത്തെയും സാധനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും സംബന്ധിച്ച പരാതികൾ ഒഴിവാക്കാനാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

കൂപ്പൺ നൽകിയാൽ സൗകര്യപ്രദമായ സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് ഉപഭോക്താവിന് മരുന്നുകളോ ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ വാങ്ങാനാകും. കൂപ്പണിന്റെ മൂല്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്ന സാഹചര്യം വഴി സപ്ലൈകോയുടെ വിറ്റുവരവ് വർധിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ നേരിടുന്ന തടസ്സം ഒഴിവാക്കാം. സാമ്പത്തിക ഭദ്രതയുള്ളവർക്ക് കൂപ്പൺ തിരികെനൽകി സർക്കാരിനെ സഹായിക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com