ഡ്രൈവിങ് ടെസ്റ്റുകൾ നാളെ തുടങ്ങും, സ്‌കൂളുകളും നാളെ മുതൽ തുറക്കും
By സമകാലിക മലയാളം ഡെസ് | Published: 13th September 2020 08:16 AM |
Last Updated: 13th September 2020 08:16 AM | A+A A- |
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ തുറക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകളും നാളെ മുതൽ വീണ്ടും ആരംഭിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഡ്രൈവിങ് സ്‌കൂൾ പ്രവർത്തിക്കാൻ അനുമതിയില്ല. ഓരോ ആളിനും പരിശീലനം നൽകിയ ശേഷം സ്റ്റിയറിങ് വീൽ, ഗീയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, ഡോർ ഹാൻഡിൽ, ടൂവീലർ ഹാൻഡിൽ എന്നിവ സ്‌പ്രേയർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.ഡോർ ഗ്ലാസുകൾ തുറന്നിടണം, എസി ഉപയോഗിക്കാൻ പാടില്ല, പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തിൽ പാടുള്ളു, തുടങ്ങിയ കർശന മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഡ്രൈവിങ് ടെസ്റ്റുകൾ നടക്കുമ്പോൾ കോവിഡ് വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ആർടിഒ മാർ ടെസ്റ്റ് ഗ്രൗണ്ടിലെത്തി വിലയിരുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുക.