'ഫെയ്‌സ്ബുക്കിലൂടെ സംസാരിക്കും'; കെ ടി ജലീല്‍ തിരുവനന്തപുരത്തേക്ക്; കരിങ്കൊടി പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2020 05:04 PM |
Last Updated: 13th September 2020 05:04 PM | A+A A- |
മലപ്പുറം: നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന് നേരെ പ്രതിപക്ഷ യുവജന സംഘടനകളുടെ കരങ്കൊടി പ്രതിഷേധം. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം.
വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മന്ത്രി പുറപ്പെടുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 'ഒക്കെ ഫെയ്‌സ്ബുക്കിലൂടെ സംസാരിക്കും, അതൊന്നും സാരമില്ല' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.