ആറുമാസത്തേക്ക് 7,500 രൂപ വീതം നിക്ഷേപിക്കണം; തൊഴിലുറപ്പ് ദിനം 200 ആക്കണം; രാജ്യവ്യാപക സമരത്തിന് സിപിഎം

സ്വര്‍ണകള്ളക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നതെന്നും ശരിയായ അന്വേഷണം വഴി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കട്ടേയെന്നും യെച്ചൂരി
ആറുമാസത്തേക്ക് 7,500 രൂപ വീതം നിക്ഷേപിക്കണം; തൊഴിലുറപ്പ് ദിനം 200 ആക്കണം; രാജ്യവ്യാപക സമരത്തിന് സിപിഎം

ന്യഡല്‍ഹി: ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടില്‍  അടുത്ത ആറ് മാസത്തേയ്ക്ക് ഓരോ മാസവും 7,500 രൂപ വീതം നിക്ഷേപിക്കണം. ആവശ്യക്കാരായ എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോഗ്രാം വീതം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം പ്രതിവര്‍ഷം  200 തൊഴില്‍ ദിനമെങ്കിലും ഉയര്‍ന്ന വേതനത്തില്‍ ലഭ്യമാക്കണം. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിയമം കൊണ്ടുവരണം. എല്ലാ തൊഴില്‍രഹിതര്‍ക്കും വേതനം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനം. 

ഭരണഘടനയെ സംരക്ഷിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുകയും ചെയ്യണം. രാജ്യത്ത് വര്‍ഗീയധ്രുവീകരണം വളര്‍ത്തുന്ന നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജനാധിപത്യഅവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായി വലിയ ആക്രമണം നടക്കുന്നു. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പട്ട വിഭാഗങ്ങള്‍ എന്നിവര്‍ക്കുനേരെ ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്നു. സ്വകാര്യവല്‍ക്കരണം വഴി രാജ്യത്തിന്റെ ആസ്തി ദേശീയ--വിദേശ കുത്തകകള്‍ക്ക് കൈമാറുന്നു. തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്നു. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മാത്രമാണ് മോഡിസര്‍ക്കാര്‍ വഴി നേട്ടങ്ങള്‍ ലഭിക്കുന്നത് യെച്ചൂരി പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നതെന്നും ശരിയായ അന്വേഷണം വഴി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കട്ടേയെന്നും യെച്ചൂരി പ്രതികരിച്ചു.  ഇക്കാര്യം സംസ്ഥാന സര്‍ക്കാരും പാര്‍ടി സംസ്ഥാന ഘടകവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com