സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2020 06:55 AM |
Last Updated: 14th September 2020 06:55 AM | A+A A- |

തിരുവനന്തപുരം; മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. അതേ സമയം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് പിറകെയാണ് കസ്റ്റംസ് നീക്കം. നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക. കുരുക്ക് മുറുകുന്നതിനിടെ, കെടി ജലീൽ ഇന്ന് മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.
ഇന്നലെ വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്നാണ് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു. ഇന്നും പ്രതിഷേധം തുടരുമെന്നാണ് സൂചന.