വി മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവം; ചോദ്യം ചെയ്യണമെന്ന് സിപിഎം

മുരളീധരന്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം
വി മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവം; ചോദ്യം ചെയ്യണമെന്ന് സിപിഎം

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ സത്യം പുറത്തു വരുന്നതിന് കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മിഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനാണ് മുരളീധരന്‍ ശ്രമിച്ചതെന്ന് സിപിഎം കുറ്റപ്പെടുത്തി.


മുരളീധരന്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരന്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരന്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തി.

എന്നാല്‍, നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നല്‍കിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഇടപെടല്‍ തന്നെയാണിതെന്ന് ഉറപ്പായി.

മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നല്‍കിയ മൊഴിയില്‍ നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ ബി.ജെ.പി അനുകൂല ചാനലിന്റെ കോഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ് ഈ ഉപദേശം നല്‍കിയിട്ടുള്ളത്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയില്‍ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു. ഇതിനു മുമ്പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണം.

ഇക്കാര്യത്തില്‍ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. ലോകസഭയില്‍ യു.ഡി.എഫ് എം.പിമാര്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നും ഇവര്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദത യു.ഡി.എഫ്ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമാണ്.

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com