സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാന്‍; സഹായം അഭ്യര്‍ഥിച്ച് ജലീല്‍ മതനേതാക്കളെ കാണുന്നു: പികെ ഫിറോസ്‌

മന്ത്രിയും മന്ത്രി പുത്രനും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയടെ ഓഫീസും ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണോ?
സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാന്‍; സഹായം അഭ്യര്‍ഥിച്ച് ജലീല്‍ മതനേതാക്കളെ കാണുന്നു: പികെ ഫിറോസ്‌

കോഴിക്കോട്: ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഖുറാനെ മറയാക്കി രക്ഷപ്പെടാനാണ് കെടി ജലീല്‍ ശ്രമിക്കുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഇതിനെ മതനേതാക്കള്‍ പിന്തുണയ്ക്കുന്നത് ശരിയല്ല. മതനേതാക്കളെ വിളിച്ച് ജലീല്‍ സഹായമഭ്യര്‍ഥിക്കുകയാണ്. ഖുറാന്‍ കൊണ്ട് വന്നതിന് എതിരെയാണ് താന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അത്‌കൊണ്ട് തന്നെ സഹായിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെടുന്നതെന്ന് ഫിറോസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണമാണെന്ന് സംശയിക്കുന്നു. മന്ത്രിയുടെ പേരില്‍ 32 പാക്കറ്റുകളാണ് വന്നത്. യുഎഇയില്‍ നിന്നെത്തിയതാണെന്ന് പറയുന്ന ഖുറാന്‍ അവിടെ നിന്ന് അടിച്ചതാണോ എന്ന് പരിശോധിക്കണമെന്ന് ഫിറോസ് പറഞ്ഞു. മന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മന്ത്രിക്ക് ഇതില്‍ നിന്ന് സ്വര്‍ണത്തിന്റെ പങ്ക് കിട്ടിയിട്ടുണ്ടോ?, ഉണ്ടെങ്കില്‍ എത്ര?, ആ പണം ആര്‍ക്കൊക്കെ കൊടുത്തു?, എവിടെയാണ് വിറ്റത്?, അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ?,  മന്ത്രിയും മന്ത്രി പുത്രനും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയടെ ഓഫീസും ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണോ? ഇക്കാര്യം തുറന്ന് പറയാന്‍ ജലീല്‍ തയ്യാറകണമെന്നും ഫിറോസ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചികിത്സ തേടിയത് ദുരൂഹമാണ്. സ്വപ്‌നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയത് മെഡിക്കല്‍ ബോര്‍ഡാണ്. എന്നിട്ടും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ട് ഫിറോസ് പറഞ്ഞു. സി ആപ്റ്റ് എംഡിയുമായി ജലീല്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സി ആപ്റ്റിലെ ജീവനക്കാരെ മാറ്റിയത് തെളിവ് നശിപ്പിക്കാനാണെന്നും ഫിറോസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com