ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുരളീധരനെ തള്ളി കേന്ദ്രം ; സ്വര്‍ണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴി തന്നെ ; വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന കാര്യം കസ്റ്റംസാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്


ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുകേസിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്നാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കേസിലെ മുഖ്യപ്രതിയ്ക്ക് ഉന്നത സ്വാധീനം ഉണ്ടെന്നും, ഇക്കാര്യം കോടതിയെ അറിയിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

എംപിമാരായ ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് സിങ് താക്കൂറാണ് മറുപടി നല്‍കിയത്. ഉന്നത സ്വാധീനം കേസിന്റെ നടപടികളെ സ്വാധീനിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനല്‍കുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു. 

ജൂലൈ 20 ന് ഇത്തരത്തില്‍ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിക്കുകയും ഇക്കാര്യം കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണ്. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന കാര്യം കസ്റ്റംസാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. 30 കിലോ സ്വര്‍ണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല സ്വര്‍ണക്കടത്തു നടന്നതെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ വാദങ്ങളെ തള്ളുന്നതാണ് ഇക്കാര്യം. ഡിപ്ലോമാറ്റിക് ബാഗെന്ന് സാങ്കേതികമായി മാത്രമേ പറയാന്‍ കഴിയൂ. നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തില്‍ വന്ന ഒരു ബാഗേജ് എന്ന തരത്തില്‍ അതിന് ഒരു ഡിപ്ലോമാറ്റിക് പരിവേഷം നല്‍കിയെന്നുമാണ് മുരളീധരന്‍ പറഞ്ഞിരുന്നത്. 

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് 16 പേര്‍ ഇതുവരെ പിടിയിലായതായും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് എടുത്തിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com