ജലീലിനോടുള്ള പക ചിലര്‍ക്ക് ഒരുകാലത്തും വിട്ടുപോകുന്നില്ല, ലീഗിനെ വിമര്‍ശിച്ച് പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2020 07:13 PM |
Last Updated: 15th September 2020 07:13 PM | A+A A- |
തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് പിന്തുണ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ തെറ്റുചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളോടുള്ള പകയാണ് ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കെ ടി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജലീലിനോട് നേരത്തെ വിരോധമുള്ള ചിലരുണ്ട്. അദ്ദേഹവുമായി സാധാരണ ഗതിയില്‍ സമരസപ്പെട്ടുപോകാന്‍ വിഷമമുള്ളവരും കാണും. അതിന്റെ ഭാഗമായി ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ പുറപ്പെടുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്", മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് നേരത്തെ ഉണ്ടായിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് എല്‍ഡിഎഫിനൊപ്പം വരാന്‍ ജലീല്‍ തയ്യാറായതിലുള്ള പകയാണ് ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. "അദ്ദേഹത്തോടുള്ള പക ഒരുകാലത്തും ചിലര്‍ക്ക് വിട്ടുമാറുന്നില്ല്. നമ്മുടെ നാടിന് ചേരാത്ത ഒരു പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ നീക്കുകയല്ല. ബിജെപിക്കും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനും കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. ഈ രണ്ട് കൂട്ടര്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ആ ഉദ്ദേശങ്ങള്‍ വച്ച് നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്", വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി. ഖുറാൻ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം എന്നാല്‍ ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.