ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; മൊഴി വിലയിരുത്തുന്നു, വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2020 03:24 PM |
Last Updated: 15th September 2020 03:24 PM | A+A A- |

കെടി ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ഫയല്‍
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളാനാവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജലീലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ വീണ്ടും മൊഴിയെടുക്കുമെന്നും ഇഡി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെടി ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിലാണെന്നും ഇക്കാര്യത്തില്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്നും ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. അതേസമയം ജലീലിനെ ചോദ്യം ചെയ്തതു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലിലിന്റെ മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് ഇഡി ജലീലിനെ ചോദ്യം ചെയ്തതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാനത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്.
യുഎഇ കോണ്‍സുലേറ്റ് വഴി റംസാന്‍ കിറ്റും ഖുറാനും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി തന്നോട് വിശദീകരണം തേടിയതെന്ന് ജലീല്‍ കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.