മാപ്പുപറയണം, അല്ലെങ്കിൽ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി ;  ഇ പി ജയരാജന്റെ ഭാര്യയുടെ വക്കീൽ നോട്ടീസ്

തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ ലക്ഷ്യമെന്നും പി കെ ഇന്ദിര
മാപ്പുപറയണം, അല്ലെങ്കിൽ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി ;  ഇ പി ജയരാജന്റെ ഭാര്യയുടെ വക്കീൽ നോട്ടീസ്

കണ്ണൂർ : അപകീര്‍ത്തികരവും വാസ്തവ വിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് അപമാനിച്ചു എന്നുകാണിച്ച്  മലയാള മനോരമ ദിനപ്പത്രത്തിന് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്ത സമൂഹത്തിനു മുന്നില്‍ തന്നെ അപമാനിതയാക്കി. തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ ലക്ഷ്യമെന്നും പി കെ ഇന്ദിര നോട്ടീസില്‍ വ്യക്തമാക്കി.  

ചീഫ് എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍, മാനേജിങ്ങ് ഡയറക്ടര്‍, വാര്‍ത്ത എഴുതിയ ലേഖിക തുടങ്ങി ഏഴുപേര്‍ക്കാണ് നോട്ടീസ്. വാസ്തവ വിരുദ്ധമായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിയും മാപ്പുപറഞ്ഞും വാര്‍ത്ത പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വക്കറ്റ് പി യു ശൈലജന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

ക്വാറന്റയിന്‍ ലംഘിച്ച് ബാങ്കില്‍ പോയെന്ന് വാര്‍ത്തയില്‍ പറയുന്നത് ബോധപൂര്‍വമാണ്. അന്ന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്രവ പരിശോധനയ്ക്ക് ശേഷം ഫലം വരുന്നതു വരെ ക്വാറന്റൈനില്‍ കഴിയണമെന്ന് കോവിഡ് പ്രേട്ടോക്കോളില്‍ പറയുന്നില്ല. എന്നാല്‍, അങ്ങനെയുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നത് ദുരുദ്ദേശപരമാണ്.

ബാങ്കില്‍ പോയത് ദുരൂഹ ഇടപാടിനാണെന്ന് പത്രത്തില്‍ വിശേഷിപ്പിച്ചത് അവഹേളിക്കാനാണ്. സാധാരണ നിലയിലുള്ള ഇടപാട് മാത്രമാണ് നടത്തിയത്. പേരക്കുട്ടികളുടെ ജന്മദിനത്തോട് അനുബന്ധിച്ച് സമ്മാനം കൊടുക്കേണ്ട ആവശ്യത്തിലേക്കാണ് ബാങ്ക് ലോക്കര്‍ തുറന്നത്. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും നോട്ടീസില്‍ വ്യക്തമാക്കി.മകനെതിരെ നല്‍കിയ വാര്‍ത്തക്കെതിരെ മകന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി കെ ഇന്ദിര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com