മുഖ്യ വിവരാവകാശ കമ്മിഷണര്‍ പദവിയിലേക്ക് ബെഹ്‌റയും പരിഗണനയില്‍ ; ഡിജിപി ഋഷിരാജോ തച്ചങ്കരിയോ ? 

വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സാധ്യതാപട്ടികയില്‍ ഉണ്ടെന്നാണ് സൂചന
മുഖ്യ വിവരാവകാശ കമ്മിഷണര്‍ പദവിയിലേക്ക് ബെഹ്‌റയും പരിഗണനയില്‍ ; ഡിജിപി ഋഷിരാജോ തച്ചങ്കരിയോ ? 

തിരുവനന്തപുരം : സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോള്‍ നവംബറില്‍ വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ പരിഗണിക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ അംബാസഡര്‍ ആയ വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സാധ്യതാപട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

2021 ജൂണിലാണ് ലോക്‌നാഥ് ബെഹ്‌റ സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തില്‍ ഉയര്‍ന്ന പദവിയിലേക്ക് പോകാനായില്ലെങ്കില്‍ തെരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറേണ്ടിവരും. പൊലീസ് മേധാവി പദവിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്നവരെ തെരഞ്ഞെടുപ്പു സമയത്ത് മാറ്റുന്ന രീതി തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിക്കാറുണ്ട്. ബെഹ്‌റ ഡിജിപി പദവിയില്‍ 4 വര്‍ഷത്തിലേറെയായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശ്വസ്തനെ മറ്റൊരു സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നത്. 

കൊച്ചി ആസ്ഥാനമായി മറ്റൊരു ഉയര്‍ന്ന തസ്തികയിലേക്കും ബെഹ്‌റയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ നെതര്‍ലാന്‍ഡ്‌സില്‍ അംബാസഡറായ വേണു രാജാമണി  സേവന കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തെ മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുഖ്യമന്ത്രി ചെയര്‍മാനും മുതിര്‍ന്ന മന്ത്രിസഭാംഗവും പ്രതിപക്ഷനേതാവും അംഗങ്ങളുമായ സമിതിയാണ് മുഖ്യവിവരാവകാശ കമ്മിഷണറുടെ പേര് ഗവര്‍ണറോട് നിര്‍ദേശിക്കുന്നത്. 

ബെഹ്‌റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക യുപിഎസ്‌സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. യുപിഎസ്‌സി മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാരിനു നല്‍കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി എന്നിവരെ കൂടാതെ മൂന്നു പേരുടെ പട്ടികയും ചേര്‍ത്താണ് യുപിഎസ്‌സിക്ക് നല്‍കേണ്ടത്. ഡിജിപി തസ്തികയിലുള്ള ആര്‍ ശ്രീലേഖ ഡിസംബറില്‍ വിരമിക്കും. എഡിജിപിമാരായ സുദേഷ്‌കുമാര്‍, അനില്‍കാന്ത്, ഡോ.ബി സന്ധ്യ എന്നിവരാണ് പിന്നീട് സീനിയോറിറ്റിയില്‍ മുന്നിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com