സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജാഗ്രത കുറവ് ഉണ്ടായി, മാസ്‌ക് ധരിക്കാത്തവര്‍ വര്‍ധിക്കുന്നു: മുഖ്യമന്ത്രി 

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് അനിയന്ത്രിതമായി എന്ന് പറഞ്ഞാണ് വ്യാജ പ്രചാരണം നടത്തുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചു എന്നത് ശരിയാണ്. എന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജാഗ്രത കുറവുണ്ടായി. മാസ്‌ക് ധരിക്കാത്തവര്‍ വര്‍ധിച്ചു വരികയാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇന്ന് മാത്രം 5901 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡിനെതിരെയുളള മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. പത്തുലക്ഷം ജനസംഖ്യയില്‍ ശരാശരി 13 പേര്‍ എന്നതാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ലോകത്ത് ഇത് 119 ആണ്. കര്‍ണാടകയില്‍ 120 ആണെന്നും  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് മരണം വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് സംസ്ഥാനത്ത് 3215 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

2532 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരില്‍ 89 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  12 പേര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് 31156 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com