സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്ത് വനിതാ പൊലീസുകാർ, അന്വേഷണം, താക്കീത്

സെൽഫി എടുത്ത സിറ്റി പൊലീസിലെ വനിതാ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്
സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്ത് വനിതാ പൊലീസുകാർ, അന്വേഷണം, താക്കീത്

തൃശൂര്‍  : നെഞ്ചുവേദനയെത്തുടർന്ന് തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തു. ആറ് വനിതാ പൊലീസുകാരാണ് സെൽഫി എടുത്തത്. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത് . സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാരെയും ഉന്നത ഉദ്യോ​ഗസ്ഥർ താക്കീത് ചെയ്തു. 

സെൽഫി എടുത്ത സിറ്റി പൊലീസിലെ വനിതാ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കൗതുകത്തിന് സെൽഫി എടുത്തതെന്ന് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം. സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണിൽ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെൽഫിയും പുറത്ത് വന്നത്. 

ഇവര്‍ എവിടെ വെച്ചാണ്, ഏത് സാഹചര്യത്തിലാണ് സെൽഫിയെടുത്തതെന്ന് അന്വേഷിക്കുന്നുണ്ട്. വാര്‍ഡിനുള്ളിൽ വെച്ചാണെങ്കിൽ അത് ഗുരുതരമായ പ്രശ്നമായി കണക്കാക്കും. അതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന സുരേഷ്  ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാർ മൊഴി നൽകി. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടിയെങ്കിലും,  ഒന്നുമറിയില്ലെന്നാണ് ജീവനക്കാരുടെ മൊഴി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍വകുപ്പിന് കൈമാറും. 

ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വാർഡിൽ ജോലി ചെയ്ത ഒരു നഴ്സിന്റെ  ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന മെഡ‍ിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com