സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ?; മറുപടി പറയാതെ കേന്ദ്ര സര്‍ക്കാര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ?; മറുപടി പറയാതെ കേന്ദ്ര സര്‍ക്കാര്‍

ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എംപിമാരുടെ ചോദ്യത്തിനാണ് വ്യക്തമായ മറുപടി കേന്ദ്രം നല്‍കാതിരുന്നത്

ന്യൂഡല്‍ഹി:  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാതെ കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എംപിമാരുടെ ചോദ്യത്തിനാണ് വ്യക്തമായ മറുപടി കേന്ദ്രം നല്‍കാതിരുന്നത്. 

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനവ്യാപകമായി സമരം നടക്കുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള നാല് യുഡിഎഫ് എംപിമാര്‍ ലോക്‌സഭയില്‍ വിഷയത്തില്‍ ചോദ്യം ഉന്നയിച്ചത്. എംപിമാരായ ബെന്നി ബഹ്നാന്‍, കെ സുധാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരാണ് ചോദ്യമുന്നയിച്ചത്. 

സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തിയെന്നും കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നല്‍കിയത്. കേസിന്റെ വിശദാംശങ്ങള്‍, രജിസ്റ്റര്‍ ചെയ്ത തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് മറുപടിയായി നല്‍കിയത്. രണ്ട് ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമാണ് നല്‍കിയത്. കേസില്‍ ഉന്നത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com