'എന്നെ വഞ്ചിച്ചു, കോടികളുടെ കടക്കാരനാക്കി'; ശ്രീകുമാറും കുടുംബവും ജീവനൊടുക്കിയത് ചതിച്ചവരുടെ പേരുകൾ എഴുതിവച്ച്
By സമകാലിക മലയാളം ഡെസ് | Published: 16th September 2020 07:47 AM |
Last Updated: 16th September 2020 07:47 AM | A+A A- |
തിരുവനന്തപുരം; വർക്കലയിൽ അച്ഛനും ഭാര്യയേയും മകളേയും കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ചിലർ സാമ്പത്തികമായി വഞ്ചിച്ചെന്നു തുടർന്ന് കോടികളുടെ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. ചതിച്ച വ്യക്തികളുടെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. കടബാധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇന്നലെ വീട്ടിൽ നിന്ന് പുകയുയരുന്നതും ശ്രദ്ധയിൽപെട്ട അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.