എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണമുളളതായി അറിയില്ല, യെസ് ബാങ്കില്‍ നിക്ഷേപിച്ചതില്‍ ഒരു രൂപ പോലും നഷ്ടമായില്ല: കിഫ്ബി സിഇഒ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th September 2020 07:29 PM |
Last Updated: 16th September 2020 07:29 PM | A+A A- |
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായുളള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കിഫ്ബി സിഇഒ കെ എം എബ്രഹാം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്ന് കെ എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. യെസ് ബാങ്കിലെ നിക്ഷേപം വഴി ലാഭമല്ലാതെ, ഒരു രൂപ പോലും നഷ്ടം ഉണ്ടായിട്ടില്ലെന്നും കിഫ്ബി സിഇഒ വ്യക്തമാക്കി.
യെസ് ബാങ്കില്‍ കിഫ്ബി നടത്തിയ 250 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിശദീകരണവുമായാണ് കിഫ്ബി സിഇഒ രംഗത്തുവന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. പരാതി കിട്ടിയപ്പോള്‍ അന്വേഷണത്തിന് മുന്നോടിയായുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടാകാം. അല്ലാതെ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി എവിടെയും പറയുന്നില്ല. അന്വേഷിക്കാനുളള കാരണം വ്യക്തമല്ല. അതിനുളള പശ്ചാത്തലവും ഇല്ലെന്നും കിഫ്ബി സിഇഒ പറഞ്ഞു.
കിഫ്ബിയുടെ മുതല്‍ക്കൂട്ട് ബ്രാന്‍ഡ് നെയിമാണ്. ഇതില്‍ മങ്ങലേല്‍ക്കാതിരിക്കാനാണ് വിശദീകരണം നല്‍ക്കുന്നത്. കിഫ്ബിക്ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പോളിസിയുണ്ട്. വിവിധ പ്രോജക്ടുകള്‍ക്ക് വേണ്ടി സ്വരൂപിച്ച് വച്ചിട്ടുളള പണം ബാങ്കുകളില്‍ നിക്ഷേപിക്കാറുണ്ട്. കൂടുതലും പൊതുമേഖല ബാങ്കുകളിലാണ് നിക്ഷേപിക്കാറ്. റേറ്റിംഗ് നോക്കിയാണ് സ്വകാര്യ ബാങ്കുകളി്ല്‍ നിക്ഷേപിക്കാറ്. ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നിക്ഷേപങ്ങള്‍ നടത്തുന്നതെന്നും കെ എം എബ്രഹാം പറഞ്ഞു.
2017 മുതല്‍ 2018 വരെയുളള കാലഘട്ടത്തിലാണ് യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയത്. ഈ സമയത്ത് സ്വകാര്യ ബാങ്കുകളില്‍ യെസ് ബാങ്കിന് മികച്ച റേറ്റിംഗ് ആയിരുന്നു. ട്രിപ്പിള്‍ എ എന്ന മാനദണ്ഡം നോക്കിയാണ് നിക്ഷേപം നടത്താറ്. നിക്ഷേപത്തിന് മികച്ച റേറ്റ് ആണ് യെസ് ബാങ്ക് ക്വട്ട് ചെയ്തത്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിക്ഷേപം നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് ടെന്‍ഡര്‍ വിളിച്ച് ഏഴുപ്രാവശ്യമാണ് യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയത്. അവസാനം നിക്ഷേപിച്ചത് 2018 അവസാനമായിരുന്നു. ഏകദേശം 250 കോടി രൂപ വിവിധ ഘട്ടങ്ങളിലായി ഇക്കാലയളവില്‍ നിക്ഷേപിച്ചു. 2018 അവസാനമായപ്പോള്‍ യെസ് ബാങ്കിന്റെ റേറ്റിംഗ് ക്ഷയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യെസ് ബാങ്കുമായുളള പണമിടപാടുകള്‍ നിര്‍ത്തിയതായി കെ എം എബ്രഹാം പറഞ്ഞു.
നിക്ഷേപിച്ച പണം സൂക്ഷ്മമായി പരിശോധിച്ച ശേഷം കാലാവധി പൂര്‍ത്തിയാവാന്‍ കാത്തിരുന്നു. 2019 ആഗസ്റ്റില്‍ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെ, പലിശ സഹിതം മുഴുവന്‍ തുകയും പിന്‍വലിച്ച് മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചു. അതിനാല്‍ യെസ്് ബാങ്കിലെ നിക്ഷേപത്തില്‍ ഒരു രൂപ പോലും നഷ്ടമായിട്ടില്ല. ലാഭം മാത്രമാണ് ഉണ്ടായത്. അതുകൊണ്ട് അന്വേഷിക്കാനുളള പശ്ചാത്തലം ഇല്ലെന്നും കെ എം എബ്രഹാം പറഞ്ഞു.