ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ; യു വി ജോസിനെ തദ്ദേശ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു ; സഞ്ജയ് എം കൗള്‍ ആഭ്യന്തര സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th September 2020 03:21 PM |
Last Updated: 16th September 2020 03:21 PM | A+A A- |
യു വി ജോസ്, സഞ്ജയ് കൗള്‍
തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ലൈഫ് മിഷന്‍ സിഇഒ ആയ യു വി ജോസിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. ജോസ് ലൈഫ് മിഷന്‍ സിഇഒ പദവിയിലും തുടരും. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ ബിജുവിനെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന സി എ ലതയെ ഫിഷറീസ് ഡയറക്ടറായി മാറ്റി നിയമിക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടറായിരുന്ന ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു.
വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ആശ തോമസിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ എത്തുന്ന രാജേഷ് കുമാര്‍ സിന്‍ഹ വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയായിരുന്ന കെ ഗോപാലകൃഷ്ണ ഭട്ടിനെ സൈനികക്ഷേമവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രിന്റിംഗ് അന്റ് സ്റ്റേഷനറി വകുപ്പിന്റെ അധികചുമതലയും നല്‍കി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോറിന് പിആര്‍ഡിയുടെ അധിക ചുമതല കൂടി നല്‍കി. ഫിഷറീസ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തെ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി മാറ്റി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.