തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ; വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും ; ഓര്‍ഡിനന്‍സിന് അംഗീകാരം

തെരഞ്ഞെടുപ്പിന് തലേന്ന് കോവിഡ് ബാധിച്ചാല്‍ എന്തുചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം 
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ; വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും ; ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

ഓര്‍ഡിനന്‍സ് പ്രകാരം 18 വയസ്സിന് മുകളില്‍ പ്രായമുള്ള കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിന് അര്‍ഹതയുണ്ടായിരിക്കും. തപാല്‍ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം. എന്നാല്‍ അതുകഴിഞ്ഞ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ കാര്യത്തില്‍ എന്തുചെയ്യും എന്ന കാര്യവും മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നുവന്നു. 

ഇക്കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം എടുക്കട്ടെ എന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ ധാരണ. പ്രോക്‌സി വോട്ട് അനുവദിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. 

പ്രോക്‌സി വോട്ട് അനുവദിച്ചാല്‍ പോളിംഗ് ബൂത്തുകളിലടക്കം വന്‍ തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് സിപിഎം അടക്കം രാഷ്ട്രീയപാര്‍ട്ടികളുടെ ആശങ്ക. ഇതുപരിഗണിച്ചാണ് പ്രോക്‌സി വോട്ട് നിര്‍ദേശം തള്ളിയത്. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാകും വോട്ടെടുപ്പ്.

കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളം പിടിച്ചിരുന്നത് തിരികെ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മാസം പിഎഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് അടുത്ത ഏപ്രിലില്‍ ആ തുക പിന്‍വലിക്കാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com