പിണറായിയെ ഷോക്കടിപ്പിക്കണം അല്ലെങ്കില്‍ നെല്ലിക്കാത്തളം വെക്കണം; സന്ദീപ് വാര്യര്‍

മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം
പിണറായിയെ ഷോക്കടിപ്പിക്കണം അല്ലെങ്കില്‍ നെല്ലിക്കാത്തളം വെക്കണം; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാനസിക നില തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.  ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്്. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ലാറ്റിലേക്കുള്ള ഫര്‍ണീച്ചര്‍ വാങ്ങി നല്‍കിയത്  എവിടെ നിന്നെന്ന് വെളിപ്പെടുത്തണം. സ്വപ്‌നയോടൊപ്പം  തിരുവനന്തപുരത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ പോയാണ് കല്യാണ സമ്മാനമായി ഫര്‍ണിച്ചറുകള്‍ വാങ്ങിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനില്‍ തൊട്ട് സത്യംചെയ്യാന്‍ കെ ടി ജലീല്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളില്‍നിന്ന് രക്ഷപ്പെടാനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇതുപോലെ വര്‍ഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുന്‍പ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവര്‍ത്തകനായിരുന്നു ജലീല്‍ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com