യെസ് ബാങ്കിലെ 250 കോടി നിക്ഷേപം : കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍

കിഫ്ബി സിഇഒ കെ എം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്
മന്ത്രി തോമസ് ഐസക്കും, കെ എം എബ്രഹാമും
മന്ത്രി തോമസ് ഐസക്കും, കെ എം എബ്രഹാമും

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ കെ എം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ അറിയിച്ചു. 

കിഫ്ബിക്കെതിരെ ( കേരള അടിസ്ഥാന സൗകര്യ വികസന നിധി) ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന് ജാവേദ് അലി ഖാന്‍ എംപിയാണ് ചോദ്യം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം ഇ ഡി അന്വേഷിക്കുന്ന കാര്യം വ്യക്തമാക്കിയത്.

250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നാലെയാണ് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കിഫ്ബിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com