സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് ആറു മാസത്തേക്ക് കൂടി

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭാ തീരുമാനം.  ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം' എന്ന് പേര് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്തിമ തീരുമാനം  എടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം വ്യാഴാഴ്ച തന്നെ എഴുതി തരണമെന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1ന് പി എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രിസഭാ യോഗ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com