സ്‌കൂള്‍ തുറന്നാലും പഠിപ്പിച്ച് തീര്‍ക്കാന്‍ സമയം തികയില്ല, ഓരോ വിഷയത്തിനും പിന്നിട്ടത് 20 ശതമാനം ക്ലാസുകള്‍ മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th September 2020 07:41 AM |
Last Updated: 17th September 2020 07:41 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനിലൂടെ ക്ലാസുകളുടെ മെല്ലെപ്പോക്കിനെ തുടർന്ന് സ്കൂൾ തുറന്ന ശേഷവും മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു തീര്‍ക്കാനായേക്കില്ല എന്നത് ആശങ്കയാവുന്നു. അധ്യയന വർഷത്തിന്റെ 40 ശതമാനം പിന്നിട്ട് കഴിഞ്ഞു. ഓരോ വിഷയത്തിനും 65 പീരിയഡുകളാണ് ഈ സമയം സ്കൂളുകൾ തുറന്നിരുന്നു എങ്കിൽ പൂർത്തിയാകുമായിരുന്നത്. ഇപ്പോൾ ശരാശരി 20 ശതമാനം ക്ലാസുകളാണ് ഓരോ വിഷയത്തിനും ഓൺലൈനിലൂടെ കിട്ടിയിരിക്കുന്നത്.
സിലബസ് കുറയ്ക്കില്ലെന്ന് സർക്കാർ തീരുമാനം. എന്നാൽ ഈ നിലപാട് മാറ്റേണ്ടി വന്നേക്കും. എന്നാൽ സിലബസ് കുറയ്ക്കാതെ, പരീക്ഷയ്ക്ക് വരുന്ന പാഠഭാഗങ്ങൾ കുറയ്ക്കുന്നതും സർക്കാരിന്റെ പരിഗണിക്കുന്നുണ്ട്.
10-ാം ക്ലാസിന് ദിവസം മൂന്നു ക്ലാസും എട്ട്, ഒമ്പത് ക്ലാസുകൾക്ക് രണ്ടും ഒന്നു മുതൽ ഏഴ് വരെ ഓരോന്നുമാണ് വിക്ടേഴ്സ് ചാനലിൽ പ്രതിദിന സംപ്രേഷണം. ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 13 ആഴ്ച പിന്നിട്ടു. 10-ലെ ഗണിതത്തിന് 65 ക്ലാസുകൾ കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 30 ആണ്. അതേസമയം മൂന്നാം ക്ലാസിലെ ഗണിതത്തിന് കിട്ടിയത് 19 ക്ലാസ് മാത്രമാണ്. 10-ാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന് കിട്ടിയത് 20 ആണ്.
ശനി, ഞായർ ദിവസങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണമുണ്ടാവും. സെപ്റ്റംബറിൽ സ്‌കൂൾ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിലബസ് കുറയ്ക്കില്ലെന്ന തീരുമാനം സർക്കാർ ജൂലൈയിൽ എടുത്തത്. എന്നാൽ നവംബറിലോ ഡിസംബറിലോ സ്‌കൂൾ തുറക്കാനാവുമോ എന്ന കാര്യവും ഉറപ്പിക്കാനാവാത്ത അവസ്ഥയാണ്.