കര്‍ഷകനും കുടുംബത്തിനും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ക്ഷേമ ബോര്‍ഡ് അടുത്തമാസം; 16 ഇനം പച്ചക്കറികള്‍ക്ക് തറവില നവംബറില്‍

സംസ്ഥാനത്ത് പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബറില്‍ ഇത് നടപ്പാകും. ഈ പദ്ധതി ഇന്ത്യയില്‍ ആദ്യമാണ്. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. 619 ജൈവപച്ചക്കറി ക്ലസ്റ്ററുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജൈവ ഉല്‍പാദന ഉപാധികളുടെ നിര്‍മാണം കൂടി അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ പച്ചക്കറി ഉല്‍പാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോള്‍ അത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു. 2016-17ല്‍ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സവാള പോലുള്ള പച്ചക്കറികളാണ് പുറത്തുനിന്ന് ഇപ്പോള്‍ അധികമായി വരുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂര്‍ മേഖലകളെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്.

കര്‍ഷകര്‍ക്ക് പരമാവധി സഹായവും പിന്തുണയും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണ്. ഇതിന്റെ ഭാഗമായാണ് നെല്‍വയലുകള്‍ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഹെക്ടറിന് 2,000 രൂപ റോയല്‍റ്റി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരമൊരു പ്രോത്സാഹന പദ്ധതിയും നമ്മുടെ രാജ്യത്ത് ആദ്യമാണ്. ഇതിന്റെ ആദ്യഘട്ടത്തിലേക്ക് 40 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. റോയല്‍റ്റിക്ക് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കൃഷി വികസനത്തോടൊപ്പം കര്‍ഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷകനും കുടുംബത്തിനുമുള്ള പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോര്‍ഡിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com