ചോദ്യം ചെയ്യല്‍ നീണ്ടത് എട്ടു മണിക്കൂര്‍ ; പ്രതികരിക്കാതെ ജലീല്‍ ; തിരുവനന്തപുരത്തേക്ക്

വൈകീട്ട് അഞ്ചുമണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ജലീല്‍ എന്‍ഐഎ ഓഫീസിന് പുറത്തിറങ്ങിയത്
ചോദ്യം ചെയ്യലിന് ശേഷം ജലീൽ പുറത്തേക്ക്
ചോദ്യം ചെയ്യലിന് ശേഷം ജലീൽ പുറത്തേക്ക്

കൊച്ചി : നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ടുമണിക്കൂറാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. വൈകീട്ട് അഞ്ചുമണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ജലീല്‍ എന്‍ഐഎ ഓഫീസിന് പുറത്തിറങ്ങിയത്. ആലുവ മുന്‍ എംഎല്‍എ യൂസഫിന്റെ കാറിലാണ് ജലീല്‍ മടങ്ങിയത്. മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. രാവിലെ 10 ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു മന്ത്രി ജലീലിന് എന്‍ഐഎ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാവിലെ ആറുമണിയ്ക്ക് മന്ത്രി എത്തുകയായിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. 

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ സൗഹൃദം സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയമെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് മന്ത്രി ജലീല്‍ നല്‍കിയ മൊഴി ഇന്നലെ എന്‍ഐഎ പരിശോധിച്ചിരുന്നു. 

മാര്‍ച്ച് നാലിന് കോണ്‍സുല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലിന്റെ ഭാരം 4478 കിലോയാണ് വിമാനത്താവളത്തിലെ വേബില്ലില്‍ സൂചിപ്പിക്കുന്നത്. 250 പായ്ക്കറ്റുകളിലാക്കിയ ഖുറാനാണിതെന്നായിരുന്നു വിശദീകരണം. എന്നാല്‍ 32 പാക്കറ്റുകളാണ് വിതരണത്തിനായി ജലീലിന് കൈമാറിയത്. ഒരു ഖുറാന്റെ ഭാരം 576 ഗ്രാം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. വേ ബില്ലിന്റെ ഭാരവും എത്തിയ ഖുറാന്റെ ഭാരവും കണക്കാക്കിയാല്‍ പോലും എത്തിയ പാഴ്‌സലിന് 14 കിലോ ഗ്രാം തൂക്കക്കൂടുതലുണ്ട്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തിയെന്ന എന്‍ഐഎ സംശയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 

അതേസമയം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.  തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാട്ടും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. വി ടി ബല്‍റാം എംഎല്‍എ, ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. കോട്ടയത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com