പിണറായിയും സംശയനിഴലില്‍  ; മന്ത്രിമാര്‍ അടപടലം രാജിവെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

കേസില്‍ മുഖ്യമന്ത്രിയും സംശയ നിഴലിലാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ആളായി പിണറായി വിജയന്‍ മാറി
പിണറായിയും സംശയനിഴലില്‍  ; മന്ത്രിമാര്‍ അടപടലം രാജിവെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൗരവമേറിയ വിഷയത്തില്‍ ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലെന്ന് ബിജെപി. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍ഐഎയുടെ അന്വേഷണം നടക്കുമ്പോള്‍ ജലീല്‍ ഇനിയും മന്ത്രിസ്ഥാനത്തിരിക്കുന്നത് ഹിതകരമായിരിക്കില്ല എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കേസില്‍ മുഖ്യമന്ത്രിയും സംശയ നിഴലിലാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ആളായി പിണറായി വിജയന്‍ മാറി.  എല്ലാ കുറ്റവാളികളെയും സംരക്ഷിക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജലീല്‍ ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചു എന്നാണ് ആരോപണം. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലോ രാഷ്ട്രീയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലോ എന്‍ഐഎ ചോദ്യം ചെയ്യുന്ന പതിവില്ല. 

സ്വപ്‌നയുമായും കള്ളക്കടത്തു പ്രതികളുമായും ജലീല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ജലീലിന് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജലീലിന്റെ പദവിയും അധികാരവും സ്വര്‍ണക്കടത്തുസംഘം ദുരുപയോഗപ്പെടുത്തി എന്നതാണ് പ്രധാനപ്പെട്ട കാര്യം. യുഎഇ കോണ്‍സുലേറ്റ് ഒരുദിവസം വിളിച്ചു മെസേജ് അയച്ച് അടിയന്തരമായി വിശുദ്ധ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങണമെന്ന് അറിയിച്ചുവെന്നാണ് ജലീല്‍ പറഞ്ഞത്. എന്നാല്‍ സ്വര്‍ണക്കടത്തുസംഘം നയതന്ത്ര ചാനല്‍ വഴി പല വസ്തുക്കളുടെയും മറവിലാണ് സ്വര്‍ണം കടത്തിയതെന്ന വസ്തുതയാണ് അന്വേഷിക്കുന്നത്. 

അതില്‍ ഈന്തപ്പഴമുണ്ട്. പരുശുദ്ധ ഖുര്‍ആനുണ്ട്. പെട്ടെന്ന് സംശയം തോന്നാത്ത വസ്തുക്കളുടെ വരവുമായി ബന്ധപ്പെട്ടാണ് അതിസമര്‍ത്ഥന്മാരായ സംഘം സ്വര്‍ണം കടത്തിയത്. ജലീലിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്. കേസെടുത്താലും രാജിവെക്കേണ്ടതില്ലെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ജനാധിപത്യത്തെ കശാപ്പുചെയ്യലാണ്. ജലീല്‍ രാജിവെക്കേണ്ടി വന്നാല്‍ അടപടലം മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും രാജിവെക്കേണ്ടി വരും എന്നതാണ് സിപിഎമ്മിന്റെ ഈ പ്രതിരോധത്തിന് പിന്നില്‍. മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും നീളുമെന്ന ഭയമാണ് സിപിഎമ്മിനെ വേട്ടയാടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com