വി ടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങണം; 'എന്റെവക 50'; മറുപടി ക്യാമ്പയിനുമായി റഹീം

മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വി ടി ബല്‍റാമിന് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു.
വി ടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങണം; 'എന്റെവക 50'; മറുപടി ക്യാമ്പയിനുമായി റഹീം


കൊച്ചി: എന്‍ഐഎ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ മന്ത്രി കെ ടി ജലീലിന് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന്‍ ആരംഭിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടി ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. വി ടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായാണ് റഹീം രംഗത്തുവന്നത്. 

മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വി ടി ബല്‍റാമിന് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ചോര പുരണ്ട ഷര്‍ട്ടിട്ട് നില്‍ക്കുന്ന വി ടി ബല്‍റാമിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ നിറം തേയ്ച്ചത് എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഇത് ഏറ്റെടുത്താണ് എ എ റഹീമും ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്. 

'അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 50 രൂപ.'ഇങ്ങനെയാണ് റഹീം  ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മഷിക്കുപ്പിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'സ്ഥിരമായി ഓരോരോ ഓഫിസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് 'വിശദീകരണം നല്‍കാന്‍' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25' എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com