ഒരേ ദിവസം മൂന്ന് പരീക്ഷകള്‍, അവസരം നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ദിവസം നല്‍കണമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 18th September 2020 07:25 AM |
Last Updated: 18th September 2020 07:25 AM | A+A A- |

കൊച്ചി: ഒരേ ദിവസം മൂന്ന് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ അവസരം നഷ്ടപ്പെടുന്ന വിദ്യാർഥികൾക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി . പോണ്ടിച്ചേരി സർവകലാശാലയിലേക്കും, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർചിലേക്കും, രാജ്യത്തെ 18 കേന്ദ്ര സർവകലാശാലകളിലേക്കും ഒരേ ദിവസംതന്നെ പൊതുപ്രവേശന പരീക്ഷ നടത്തുന്നതിനെതിരെയുള്ള ഹർജിയിലാണ് ഹൈക്കോടിയുടെ നിർദേശം.
കൽപറ്റ സ്വദേശി പിഎ മുഹമ്മദ് ഷാനിഫ് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സെപ്റ്റംബർ 18, 19, 20 തീയതികളിലാണ് രണ്ട് പരീക്ഷകളുമെന്നും ഇത് അവസരം ഇല്ലാതാക്കുന്നതാണെന്നും ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച തുടങ്ങുന്ന പരീക്ഷക്ക് ഒരുക്കം പൂർത്തിയായെന്നും മാറ്റിവെക്കാനാവില്ലെന്നുമുള്ള നിലപാടാണ് സർവകലാശാലകൾ കോടതിയിൽ സ്വീകരിച്ചത്.
കേന്ദ്ര സർവകലാശാല, പോണ്ടിച്ചേരി പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും മാറ്റിവെക്കണമെന്ന ആവശ്യം അനുവദിക്കാനാകാത്ത സാഹചര്യത്തിൽ മറ്റൊരു അവസരം നൽകുന്ന കാര്യം പരിഗണിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. 18ന് പരീക്ഷ നടക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർചിനെയും പിന്നീട് ഹരജിയിൽ കക്ഷി ചേർത്തു. പരീക്ഷ എഴുതാൻ മറ്റൊരു അവസരം അനുവദിക്കണമെന്ന ഉപഹർജി പരിഗണിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എതിർകക്ഷികൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.