ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതില്‍ കേസെടുത്തു ; മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th September 2020 10:01 AM |
Last Updated: 18th September 2020 10:03 AM | A+A A- |

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. മന്ത്രിയുടെ ആവശ്യപ്രകാരമാണോ മതഗ്രന്ഥങ്ങള്‍ എത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഡിപ്ലോമാറ്റിക് ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം അനുമാനിക്കുന്നു. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.
മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കു വേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.