പ്രതിഷേധത്തിന്റെ മറവില്‍ ഗുണ്ടകളെ ഇറക്കുന്നു, അട്ടിമറി സമരത്തെ ജനങ്ങള്‍ നേരിടും ; ജലീല്‍ രാജിവെക്കില്ലെന്ന് കോടിയേരി

സര്‍ക്കാരിന് ജനപിന്തുണയുള്ളതിനാല്‍ സമരത്തെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല
പ്രതിഷേധത്തിന്റെ മറവില്‍ ഗുണ്ടകളെ ഇറക്കുന്നു, അട്ടിമറി സമരത്തെ ജനങ്ങള്‍ നേരിടും ; ജലീല്‍ രാജിവെക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ സമരം ഗുണ്ടായിസത്തിലേക്ക് മാറിയിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും അറിയപ്പെടുന്ന ഗുണ്ടകളെ സമരത്തിനായി റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ആരോപിച്ചു. 

ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസും ബിജെപയും അക്രമസമരം ആസൂത്രണം ചെയ്യുകയാണ്. മന്ത്രിമാരുടെ വാഹനം വഴിയില്‍ തടയാനും ആക്രമിക്കാനും ശ്രമിക്കുന്നു. വാഹനം കുറുകെയിട്ട് മന്ത്രി ജലീലിനെ ആക്രമിക്കാന്‍ ശ്രമം നടന്നു. മന്ത്രി ബാലനെ ആക്രമിക്കുകയും ഏറുപടക്കം എറിയുകയും ചെയ്തു. ആസൂത്രിതമായ ഈ അട്ടിമറി സമരത്തെ ജനങ്ങള്‍ നേരിടും. സര്‍ക്കാരിന് ജനപിന്തുണയുള്ളതിനാല്‍ സമരത്തെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല. 

അക്രമസമരത്തെ തുറന്നുകാട്ടുന്നതിനായി ബുധനാഴ്ച പാര്‍ട്ടി ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് പലരും പറഞ്ഞതോടെ ആശങ്കയിലാണ് യുഡിഎഫ്. ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കകുയാണ്. ധനമൂലധന ശക്തികളും കേരളത്തിന് പുറത്തുള്ള കോര്‍പ്പറേറ്റുകളും ഏതാനും സമുദായനേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ്. 

സാക്ഷിയെന്ന നിലയിലാണ് ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത്. എന്‍ഐഎ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ജലീല്‍ നേരിട്ട് പോയി മതഗ്രന്ഥങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതല്ല. കോണ്‍സുലേറ്റ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്ന നിലയില്‍ മതഗ്രന്ഥങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഖുറാന്‍ കേരളത്തില്‍ നിരോധിച്ച ഗ്രന്ഥമാണോയെന്നും കോടിയേരി ചോദിച്ചു.

ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല.  ചോദ്യം ചെയ്തതിന്റെ പേരില്‍ ആരെങ്കിലും രാജിവെച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജലീല്‍ രാജിവെക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം ഈ മാസം 22 ന് പ്രതിഷേധസമരം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com