'ഞാന്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രം, വേണ്ടിവന്നാല്‍ എന്‍ഐഎ വീണ്ടും വിളിപ്പിക്കും' ; കെടി ജലീല്‍ പ്രതികരിക്കുന്നു

മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതുതായി എന്തെങ്കിലും ഉയര്‍ന്നുവന്നാല്‍, അത് എനിക്ക് അറിയാവുന്ന എന്തെങ്കിലുമാണെങ്കില്‍, അവര്‍ വീണ്ടും വിളിക്കും
കെടി ജലീല്‍/ഫയല്‍
കെടി ജലീല്‍/ഫയല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്. ആ മൊഴികള്‍ ശരിയാണോയെന്ന പരിശോധനയുടെ ഭാഗമായാണ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞു.

''ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ 16,17,18 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്നെ വിളിപ്പിച്ചത്. സാക്ഷി എന്ന നിലയില്‍ മൊഴി രേഖപ്പെടുത്താനായിരുന്നു അത്. എനിക്ക് എന്താണ് ഒളിക്കാനുള്ളത്? എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉണ്ടെങ്കിലല്ലേ പ്രശ്‌നമുള്ളൂ. പ്രതികളില്‍ ചിലര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്നെ വിളിപ്പിച്ചത്. ആ മൊഴികളെക്കുറിച്ച് എന്നോടു ചോദിച്ച് ഉറപ്പിക്കുകയാണ് അവര്‍ ചെയ്തത്. അത് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലയല്ലേ? ഏതാണ്ട് 160 പേരില്‍നിന്നാണ് അവര്‍ ഇത്തരത്തില്‍ മൊഴിയെടുക്കുന്നത്. അതില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. സാക്ഷിമൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണത്തില്‍ പ്രധാനമാണ്''- ജലീല്‍ പറഞ്ഞു.

അന്വേഷണത്തിനിടെ പുതിയ എന്തെങ്കിലും വിവരം ലഭിച്ചാല്‍ എന്‍ഐഎ തന്നെ വീണ്ടും വിളിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ജലീല്‍ പറഞ്ഞു. ''മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതുതായി എന്തെങ്കിലും ഉയര്‍ന്നുവന്നാല്‍, അത് എനിക്ക് അറിയാവുന്ന എന്തെങ്കിലുമാണെങ്കില്‍, അവര്‍ വീണ്ടും വിളിക്കും. അവര്‍ അന്വേഷിക്കുന്ന കാര്യത്തില്‍ നമുക്ക് എന്തു സംഭാവന ചെയ്യാനാവും എന്നതാണ് പ്രധാനം''- ജലീല്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും നോട്ടീസ് നല്‍കിയത് ഒരേ സമയത്താണ്. മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ട കാര്യം എന്താണെന്ന്, രഹസ്യമായി അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരായതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടു പ്രതികരിച്ചുകൊണ്ട് ജലീല്‍ ചോദിച്ചു. ''എന്നെ വിളിപ്പിച്ചവര്‍ അക്കാര്യം മാധ്യമങ്ങളോടു പറഞ്ഞില്ല. പിന്നെ ഞാനായിട്ട് എന്തിനു പറയണം? ഒരു കല്യാണത്തിനു ക്ഷണിച്ചാല്‍ ക്ഷണിച്ചയാളല്ലേ മറ്റുള്ളവരോടു പറയുക? ക്ഷണിക്കപ്പെട്ട ആളല്ലല്ലോ പറയേണ്ടത്. എന്നെ നിങ്ങള്‍ ഒരു കല്യാണത്തിനു ക്ഷണിച്ചാല്‍, ഞാന്‍ അത് അയല്‍ക്കാരെ അറിയിച്ചില്ല എന്നു മറ്റുള്ളവര്‍ പറയുന്നതില്‍ എന്തു കാര്യമാണുള്ളത്?''- ജലീല്‍ ചോദിച്ചു. 

''രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന സമരത്തോടു ഞാന്‍ എന്തിനു പ്രതികരിക്കണം? മുഖ്യമന്ത്രിയാണ് അതിനെക്കുറിച്ചു പറയേണ്ടത്.''  ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന്  ജലീല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com