സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇ കോണ്‍സുലേറ്റ് ഉന്നതരിലേക്കും ; ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍

വിവിധ വിമാനത്താവളങ്ങള്‍ വഴി നിരവധി തവണ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്
സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇ കോണ്‍സുലേറ്റ് ഉന്നതരിലേക്കും ; ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം വേണം. ഡിജിറ്റല്‍ തെളിവുകള്‍ സിഡാക്ക് പരിശോധിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വിവിധ വിമാനത്താവളങ്ങള്‍ വഴി നിരവധി തവണ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്. നയതന്ത്ര പാഴ്‌സല്‍ അടക്കം ദുരുപയോഗം ചെയ്താണ് സ്വര്‍ണം വന്നത്. കോണ്‍സുലേറ്റിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്ര അളവില്‍ സ്വര്‍ണം കടത്താനാവില്ലെന്നും, അതിനാല്‍ കോണ്‍സുലേറ്റിലെ ഉന്നതരെ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. വിദേശത്തുള്ള റബിന്‍സ്, അഹമ്മദ് കുട്ടി, ഫൈസല്‍ ഫരീദ് തുടങ്ങിയ പ്രതികളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. 

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഈ കേസിലും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍ദേശപ്രകാരമാണോ എന്നും  വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും അന്വേഷിക്കും. മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്‌സലില്‍ സ്വര്‍ണം കടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയെയും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. 

മാര്‍ച്ച് നാലിന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ എത്തിച്ച മതഗ്രന്ഥങ്ങള്‍ ചട്ടവിരുദ്ധമായി  സംസ്ഥാനത്ത് വിതരണം ചെയ്തതിലാണ് കസ്റ്റംസ് കേസെടുത്തത്.  കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അവരുടെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിമാത്രമേ നയതന്ത്ര പാഴ്‌സല്‍ വഴി സാധനങ്ങള്‍ വിദേശത്ത് നിന്ന് എത്തിക്കാനാവൂ. എന്നാല്‍ ചട്ടം ലംഘിച്ച് ഡിപ്ലോമാറ്റിക് ബാഗ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്തത് നിയമലംഘനമാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. 

ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് കോണ്‍സുലേറ്റില്‍ എത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത്. സിആപ്റ്റിന്റെ വാഹനത്തിന്റെ ജിപിഎസ് ഇടയ്ക്ക് വച്ച് പ്രവര്‍ത്തിക്കാതായതും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് എവിടെയൊക്കെ എന്ന കൃത്യമായ വിവരമില്ലാത്തതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും.  വിശുദ്ധഖുറാന്‍ എന്ന് രേഖപ്പെടുത്തി എത്തിയ നയതന്ത്ര പാഴ്‌സല്‍ 4479 കിലോ തൂക്കമുള്ളതായിരുന്നു. 250 പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 567 ഗ്രാമാണെന്ന് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് 7750 മതഗ്രന്ഥങ്ങളാണ് ഉണ്ടാകേണ്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com