കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് : തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍

വൈസ് ചാന്‍സലറും പിവിസിയും രജിസ്ട്രാറും നാലു സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസില്‍ പ്രതികളായിരുന്നത്
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് : തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍

തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനക്കേസില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലറും പിവിസിയും രജിസ്ട്രാറും നാലു സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസില്‍ പ്രതികളായിരുന്നത്.

അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയിലും ഇന്റര്‍വ്യൂവിലും വ്യാപക ക്രമക്കേട് നടന്നുവെന്നും, എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ ഇന്റര്‍വ്യൂവില്‍ പിന്നിലാകുകയും ഇതുവഴി രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കള്‍ അടക്കം നിയമനം നേടിയെന്നുമായിരുന്നു ആരോപണം. ആരോപണം വാസ്തവമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യ കണ്ടെത്തല്‍. അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പു നടന്നെന്നും  കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടത്തി, കേരള സര്‍വകലാശാലയിലെ അന്നത്തെ വിസി എം കെ  രാമചന്ദ്രന്‍ നായര്‍ പിവിസി ഡോ. വി ജയപ്രകാശ്,  രജിസ്ട്രാര്‍ കെ എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂസ് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ റഷീദും എം പി റസ്സലും സിപിഎം നേതാക്കളാണ്. എന്നാല്‍ കുറ്റപത്രത്തിനെതിരെ, തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തിലാണ് ആദ്യകുറ്റപത്രം തള്ളി പുിയ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്ന ഒഎംആര്‍ ഷീറ്റ് കണ്ടെത്തിയിട്ടില്ല. അതിനാല്‍ പ്രതികള്‍ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്തമാസം ഒമ്പതിന് കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com