ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്തെന്ന ബിജെപി പ്രചാരണം യുഡിഎഫ് ഏറ്റെടുത്തു; തിരിഞ്ഞ് കുത്തുമെന്നായപ്പോള്‍ ഉരുണ്ടുകളിക്കുന്നു; പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2020 08:03 PM  |  

Last Updated: 19th September 2020 08:03 PM  |   A+A-   |  

pinarayi

 


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് എന്തിനാണ് ഖുറാനെ വലിച്ചഴച്ചത് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമായിരുന്നു. അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. എന്നാല്‍ തൊട്ടുപിന്നാലെ യുഎഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്തെത്തുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പിന്നീട് കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖുറാനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. എന്തടിസ്ഥാനത്തിലായിരുന്നു ഈ ആരോപണം? ഇങ്ങനെ ഉന്നയിച്ചത് ആര്‍ക്ക് വേണ്ടിയാണ്? എന്തിനായിരുന്നു അവര്‍ ഖുറാനെ വിവാദത്തിലേക്ക് കൊണ്ടുവന്നത്?- അദ്ദേഹം ചോദിച്ചു. 

ആര്‍എസ്എസ് ആരോപിക്കുന്നതിന് അവര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ട്. അതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം നമുക്ക് മനസ്സിലാക്കാം. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ അത് ഏറ്റെടുത്ത് വലിയ പ്രചാരണം നല്‍കി.

ഇപ്പോള്‍ തിരിഞ്ഞ് കുത്തുമെന്നായപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. പറ്റിയ തെറ്റ് തിരിച്ചറിയുന്നത് വലിയ കാര്യമാണ്. ഖുറാനെ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. സര്‍ക്കാരിനേയും മന്ത്രിയേയും അക്രമിക്കാന്‍ ഖുറാനെ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ശരിയായ ബോധോദയും ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ല കാര്യമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.