നമ്പർ പ്ലേറ്റിന് പകരം അശ്ലീല വാക്ക്, ലൈസൻസ് ഇല്ല; കൂട്ടുകാരന്റെ ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ

സുഹൃത്ത് ബൈക്കിൽ ചെയ്തുവെച്ചിരുന്ന മിനിക്കു പണികളാണ് യുവാവിന് പണി കൊടുത്തത്
നമ്പർ പ്ലേറ്റിന് പകരം അശ്ലീല വാക്ക്, ലൈസൻസ് ഇല്ല; കൂട്ടുകാരന്റെ ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ

കൊച്ചി; കൂട്ടുകാരന്റെ ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ അടിച്ചുകൊടുത്ത് മോട്ടർ വാഹന വകുപ്പ്. ലൈസൻസില്ലാതെ വണ്ടി ഓടിച്ചത് ഉൾപ്പടെ ഏഴ് കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി. സുഹൃത്ത് ബൈക്കിൽ ചെയ്തുവെച്ചിരുന്ന മിനിക്കു പണികളാണ് യുവാവിന് പണി കൊടുത്തത്.

കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ യുവാവ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സി.ഡി.അരുണിന്റെ പിടിയിലാവുന്നത്. ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്കായിരുന്നു. ഓടിച്ച ആൾക്ക് ലൈസൻസോ ബൈക്കിന് മിററോ ഉണ്ടായിരുന്നില്ല.

ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെൽമറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കിൽ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം.

തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയിൽ താമസക്കാരനാണ് യുവാവ്. മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റേതാണ് ബൈക്ക്.  ബൈക്കിനു പിന്നിൽ അശ്ലീല വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ബൈക്കുകളിൽ പലവിധ കലാവിരുതുകൾ പ്രദർശിപ്പിക്കുന്നതു കണ്ടിട്ടുണ്ടൈങ്കിലും അശ്ലീല പദം എഴുതി ചുറ്റാനിറങ്ങുന്നതു അപൂർവ സംഭവമാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com