ആറ് മാസമായിട്ടും ഒരു തുമ്പുമില്ല; അന്വേഷണത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയണമെങ്കില്‍ കണ്ണ് പൊട്ടിയിരിക്കണം, എന്‍ഐഎയ്ക്ക് എതിരെ കാനം

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസം വരെ കേസില്‍ പുകമുറ സൃഷ്ടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം തുറന്നടിച്ചു.

മുപ്പത് കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണം ആരയച്ചു എന്ന് ആറുമാസമായിട്ടും ഒരു തുമ്പുമില്ല. കോണ്‍സുലേറ്റിന്റെ ഡിപ്ലൊമാറ്റിക് ബാഗേജിലാണ് വന്നത്. അവരെയാരേയും ചോദ്യം ചെയ്തിട്ടില്ലല്ലോ? അങ്ങേയറ്റത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ ഇവിടെയൊരു പുകമറ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാരിന് എതിരെ അന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമാണ് ദേശീയ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിശ്ചയമായും ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വര്‍ണം അയച്ച ഭാഗത്ത് നിന്നുള്ളവരെ ചോദ്യം ചെയ്യാന്‍ പറ്റിയിട്ടില്ല. പോയ ഫ്‌ലൈറ്റ് ചാര്‍ജ് നഷ്ടപ്പെട്ടതേയുള്ളു, ഒന്നും നടന്നിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര വിദേശകാര്യ വകുപ്പും ആഭ്യന്തരവകുപ്പും തീരുമാനിച്ചാല്‍ ഉദ്യോഗസ്ഥരെ അനുവാദം വാങ്ങിത്തന്നെ ചോദ്യം ചെയ്യാം. അതിനുള്ള അനുവാദം പോലും എന്‍ഐഎയ്ക്ക് കൊടുത്തിട്ടില്ല. ഇതുപോലെയുള്ള നിരവധി കാര്യങ്ങള്‍ കാണുന്ന ഒരാള്‍ ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല എന്ന് പറയുന്നെങ്കില്‍ അയാളുടെ കണ്ണ് പൊട്ടിയിരിക്കണം.- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ പെട്ടകാര്യമല്ല കസ്റ്റംസ്. അത് കേന്ദ്ര ഏജന്‍സിയാണ്. ഒരു മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാമെന്ന് അര്‍ത്ഥമില്ല. ഇത് മെയ് മാസം വരെ പോകും, യാതൊരു സംശയവുമില്ല.- അദ്ദേഹം പറഞ്ഞു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാരിന് എതിരെ പറയുന്നതില്‍ പരിമിതിയുണ്ട്, തനിക്ക് അതിന്റെ ആവശ്യമില്ല. താന്‍ പറയുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ സെക്രട്ടറി എന്നനിലയില്‍ രാഷ്ട്രീയ അഭിപ്രായമാണ്. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാരിന്റെ അഭിപ്രായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രമന്ത്രി വി മുരളീധരനെ സംശയമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തപരമായി ആരേയും സംശയിക്കുന്നില്ല, അതൊരു ഗവണ്‍മെന്റിന്റെ നിലപാടാണ്,അതില്‍ ഒരു സഹമന്ത്രിക്ക് എത്രമാത്രം റോളുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. 

മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടും കാനം ആവര്‍ത്തിച്ചു. കോടതി പരാമര്‍ശമുണ്ടായപ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ രാജിവച്ചിട്ടുള്ളത്. 19 മന്ത്രിമാരേയും ചോദ്യം ചെയ്താല്‍ എല്ലാവരും രാജിവയ്ക്കണോയെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിയിട്ടുള്ളത് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചാണ്. അത് ഏറ്റവുംകൂടുതല്‍ അനുഭവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്, ആ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി ബിജെപിക്കൊപ്പം ചേര്‍ന്ന്  ശ്രമം നടത്തുന്നത്. 

ഖുറാന്‍ കൊണ്ടുവരുന്നത് ഇത്രവലിയ കുഴപ്പമാണോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ലേഖനത്തില്‍ ചോദിച്ചതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ പ്രതിച്ഛായ എന്നുപറയുന്നത് ജനങ്ങളുടെ മനസ്സില്‍ ഈ സര്‍ക്കാരിനെക്കുറിച്ചുള്ള ധാരണയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിറവേറ്റി. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ കൊണ്ട് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com