'സമ്മാനം തനിക്കെന്ന് രാവിലെ തമാശ പറഞ്ഞു, ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയി' ; അത്ഭുതവും അമ്പരപ്പും വിട്ടുമാറാതെ 24 കാരനായ 'കോടീശ്വരന്‍'

ലോട്ടറി അടിച്ച ഉടനെ അനന്തു ലോട്ടറി ഏജന്‍സിക്കാരില്‍ നിന്ന് ഉപദേശം തേടി.
'സമ്മാനം തനിക്കെന്ന് രാവിലെ തമാശ പറഞ്ഞു, ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയി' ; അത്ഭുതവും അമ്പരപ്പും വിട്ടുമാറാതെ 24 കാരനായ 'കോടീശ്വരന്‍'

കൊച്ചി : ഒടുവില്‍ ആ കോടീശ്വരനെ കണ്ടെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് ഇടുക്കി സ്വദേശി അനന്തു വിജയന്‍ എന്ന 24 കാരന്. എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലെ ജോലിക്കാരനാണ് അനന്തു. അയ്യപ്പന്‍ കാവിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പര്‍ ടിക്കറ്റിനാണു ബംപറടിച്ചത്. 

'രാവിലെ ഒന്നാം സമ്മാനം തനിക്കാണെന്നു  തമാശയ്ക്കു കൂട്ടുകാരോടു പറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.' അനന്തു പറഞ്ഞു. 'പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു.' എന്നും അനന്തു പറഞ്ഞു. സമ്മാനം ലഭിച്ച സന്തോഷം മാതാപിതാക്കളെ അറിയിച്ചു.

ലോട്ടറി അടിച്ച ഉടനെ അനന്തു ലോട്ടറി ഏജന്‍സിക്കാരില്‍ നിന്ന് ഉപദേശം തേടി. ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൈമാറാനാകില്ലെന്നായിരുന്നു പ്രശ്‌നം. എന്നാല്‍, അവധിയാണെങ്കിലും ബാങ്ക് മാനേജരുമായി സംസാരിച്ച് ലോക്കറില്‍ ടിക്കറ്റ് വെക്കാമെന്ന് വിവരം നല്‍കി. വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന സ്വഭാവക്കാരനാണ് അനന്തു. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേര്‍ക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിന്‍കര), ടിബി 474761 (പയ്യന്നൂര്‍), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ ഇത്തവണ വന്‍ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com