'നിയമസഭയിലെ കയ്യാങ്കളി'യിൽ ഇന്ന് വിധി ; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ആറുപ്രതികൾ

കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു
'നിയമസഭയിലെ കയ്യാങ്കളി'യിൽ ഇന്ന് വിധി ; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ആറുപ്രതികൾ

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണി എംഎൽഎമാർ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസിൽ വിധി ഇന്ന് പ്രസ്താവിക്കും. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയുക. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍.

2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബറിൽ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.  

വി ശിവൻകുട്ടി, ജലീൽ, ഇപി ജയരാജൻ തുടങ്ങിയവർ
വി ശിവൻകുട്ടി, ജലീൽ, ഇപി ജയരാജൻ തുടങ്ങിയവർ

ഇ പി ജയരാജന്‍,കെ ടി ജലീല്‍  കെ അജിത്,കെ കുഞ്ഞുമുഹമ്മദ്,സി കെ സദാശിവന്‍,വി ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍. ഇതിനിടെ  കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇതിനെത്തുടർന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ഇതിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റേയും വാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com