പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനാകില്ല ; സര്‍ക്കാരിന് അതെങ്ങനെ ആവശ്യപ്പെടാനാകും ?: കോടതി

കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനാകില്ല ; സര്‍ക്കാരിന് അതെങ്ങനെ ആവശ്യപ്പെടാനാകും ?: കോടതി

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് കോടതി. കേസ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ല. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ലെന്നും സിജെഎം കോടതി വ്യക്തമാക്കി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, 2015 ല്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം നശിപ്പിച്ചിക്കപ്പെട്ടു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് പൊലീസ് കുറ്റപത്രം. 

ഇപ്പോള്‍ മന്ത്രിമാരായ  ഇ പി ജയരാജന്‍, കെ ടി ജലീല്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാരായിരുന്നു കേസിലെ പ്രതികള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ്, സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ വേണ്ടിയും, ജനപ്രതിനിധികള്‍ക്കെതിരായ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല എന്നീ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാവില്ലെന്നും, സഭയില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി എന്ന് വീഡിയോയില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള വിധി കൂടി എടുത്തു പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളിയത്. കേസിലെ പ്രതികള്‍ അടുത്തമാസം 15 ന് നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. കേസില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാറിപുഴുത്ത് ഈ സര്‍ക്കാര്‍ പുറത്തുപോകുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ബസിന് കല്ലെറിയുന്ന കുട്ടികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുക്കുന്ന സര്‍ക്കാര്‍, ലക്ഷക്കണക്കിന് നാശനഷ്ടം വരുത്തിയ കേസ് പിന്‍വലിക്കാന്‍ നടത്തിയ നീക്കം അംഗീകരിക്കാനാവില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com