അത് മനസില്‍ വച്ചാല്‍ മതി; വല്ലാത്ത മാനസികാവസ്ഥയുമായി നടക്കരുത്; ക്ഷോഭിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയുമൊക്കെ ഇതിന്റെ ഭാഗമായി ആരൊക്കെയോ ചോദ്യംചെയ്യാന്‍ പോകുന്നു എന്ന ധാരണ മനസ്സില്‍ വെച്ചാല്‍ മതി
അത് മനസില്‍ വച്ചാല്‍ മതി; വല്ലാത്ത മാനസികാവസ്ഥയുമായി നടക്കരുത്; ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഓഫീസും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും അടക്കം ആരോപണം നേരിടുന്നവരാണെന്നും സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി അന്വേഷിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യത്തിനായിരുന്നു രൂക്ഷമറുപടി.

നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നതായിരുന്നു അദ്യത്തെ ആരോപണം. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ എന്തോ ഭയപ്പെട്ടുകൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നായി ആരോപണം. ഇവിടെ യഥാര്‍ഥത്തില്‍ ഉണ്ടായ പ്രശ്‌നത്തില്‍ അന്വേഷണം നടത്തുന്നു. ആ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കില്‍ അന്വേഷണ ഏജന്‍സി തന്നെ പറയും. ഇപ്പോള്‍ കേരളത്തില്‍ നടന്നു എന്നു  പറയുന്ന കുറ്റകൃത്യത്തില്‍ ഇവിടത്തെ ഏജന്‍സിയെ വെച്ചാണ് അന്വേഷിക്കുക. അതില്‍ യാതൊരു തെറ്റും ഇല്ല.

മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയുമൊക്കെ ഇതിന്റെ ഭാഗമായി ആരൊക്കെയോ ചോദ്യംചെയ്യാന്‍ പോകുന്നു എന്ന ധാരണ മനസ്സില്‍ വെച്ചാല്‍ മതി. വിജിലന്‍സ് ഒരു സ്വതന്ത്രമായ ഏജന്‍സിയാണ്. വിജിലന്‍സിനെതിരെ അത്തരത്തില്‍ എന്തെങ്കിലും അനുഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും ഓഫീസും ആരോപണ വിധേയമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് വിജിലന്‍സ്. ആ നിലയ്ക്ക് വിജിലന്‍സ് അന്വേഷണം എത്രത്തോളം ഫലപ്രദമാകും എന്ന ചോദ്യത്തിന് ക്ഷോഭത്തോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതങ്ങ് മനസ്സില്‍ വെച്ചാല്‍മതി. എന്താരോപണമാണ്, ആര്‍ക്കെതിരെയാണ് അരോപണം? എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ട് എന്നുള്ളതുകൊണ്ട് എന്തും പറയാന്‍ തയ്യാറാകരുത്. അസംബന്ധം പറയാനല്ല വാര്‍ത്താ സമ്മേളനം. നിങ്ങള്‍ക്ക് വേറെ ഉദ്ദേശമുണ്ടെന്നും അത് മനസ്സില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com